ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരും ; കെസി വേണുഗോപാല്‍
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ’യിൽ അസ്വസ്ഥരായവർ അഴിച്ചുവിടുന്ന നുണകൾക്കും കുപ്രചാരണങ്ങൾക്കുമുള്ള തക്കതായ മറുപടി ജാഥയിലുടനീളം ജനങ്ങൾ നൽകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
കോൺഗ്രസിന്റെ യാത്ര എതിരാളികളെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് രാഹുലിന്റെ ടീഷർട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയർത്തുന്നത്. ഇതാണോ രാജ്യത്തെ ഭരണപക്ഷം ചെയ്യേണ്ടതെന്നും വേണുഗോപാൽ ചോദിച്ചു.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരാണ് കോൺഗ്രസിന്റെ യാത്ര. ജനങ്ങൾക്കിടയിൽ സ്നേഹം പരത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഭാരത് ജോഡോ യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമാണ്. ബി.ജെ.പി സർക്കാർ ഒരുമിപ്പിക്കാനല്ല, നിയമം കൊണ്ട് പോലും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. യാത്ര കഴിയുമ്പോൾ ജനങ്ങൾ കോൺഗ്രസിനൊപ്പം അണിചേരുമെന്നും വേണുഗോപാൽ പറഞ്ഞു.