കേരള ബാങ്ക് ജപ്തി നടപടിയില്‍ റിപ്പോർട്ട് തേടി മന്ത്രി
തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. ജപ്തി നടപടിക്ക് സർക്കാർ എതിരാണെന്നും ബാങ്കിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പണയപ്പെടുത്തിയ സ്വത്ത് അഞ്ച് സെന്റിൽ കുറവാണെങ്കിൽ, ജപ്തി ചെയ്യുന്നതിന് മുമ്പ് ബദൽ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂത്തുപറമ്പ് സ്വദേശി സുഹ്റയുടെ വീട് കഴിഞ്ഞ ദിവസം വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്തിരുന്നു. 2012 ൽ വായ്പ എടുത്ത 10 ലക്ഷത്തിന് പലിശ ഉൾപ്പെടെ 20 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സുഹറയ്ക്ക് കേരള ബാങ്ക് നോട്ടീസ് നൽകിയിരുന്നു. വീട് നിർമ്മാണത്തിനായി എടുത്ത വായ്പയിൽ 4,30,000 രൂപ തുടക്കത്തിൽ ഗഡുക്കളായി തിരിച്ചടച്ചെങ്കിലും പിന്നീട് നിർത്തിവച്ചു. മകളുടെ മരണവും സ്ഥിരമായ വരുമാനമുള്ള ജോലിയുടെ അഭാവവുമാണ് വായ്പ മുടങ്ങാൻ കാരണമായതെന്ന് സുഹ്റ പറഞ്ഞു.