പാൻ അമേരിക്ക ആരാധകരേ ശാന്തരാകുവിൻ ! 4 ലക്ഷം രൂപ കുറച്ച് ഹാർലി ഡേവിഡ്സൺ

ക്രൂസർ മോട്ടോർസൈക്കിൾ വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട കമ്പനികളിൽ ഒന്നാണ് യുഎസിലെ ഹാർലി-ഡേവിഡ്സൺ. ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറിയെങ്കിലും, അവരുടെ വാഹനങ്ങൾക്ക് ഇപ്പോഴും ഇന്ത്യയിൽ ഒരു വലിയ ആരാധകവൃന്ദമുണ്ട്. പ്രവർത്തനം ഭാഗികമായി അവസാനിപ്പിച്ചപ്പോഴും  അവരുടെ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നുണ്ടെന്ന്  ഉറപ്പാക്കിയാണ് ഹാർലി ഇന്ത്യ വിട്ടത്. നിലവിൽ ബ്രാൻഡിന്റെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. 

കാലത്തിനനുസരിച്ച് മാറാൻ മടിച്ചിരുന്ന ഹാർലിയുടെ  ആദ്യ അഡ്വഞ്ചർ മോഡലായ പാൻ അമേരിക്ക വൻ ഹിറ്റായി. മാത്രമല്ല, ഏറ്റവുമധികം ആളുകൾ അന്വേഷിച്ചെത്തുന്ന വാഹനമാണ് ഇതെന്ന് നിർമാതാക്കൾ പറയുന്നു. പുതിയ റെവല്യൂഷൻ മാക്സ് എഞ്ചിൻ ഉപയോഗിച്ച് ലോഞ്ച് ചെയ്ത വാഹനം പഴയ മിൻവോകി 8 എഞ്ചിനേക്കാൾ കാര്യക്ഷമമാണ്. 16.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വില. 

ഉയർന്ന വേരിയന്‍റായ സ്പെഷ്യൽ മോഡലിന് 21.1 ലക്ഷം രൂപയാണ് വില. എന്നിരുന്നാലും, ഈ വർഷം വിൽപ്പനയിലെ ഇടിവ് കാരണം പാൻ അമേരിക്കയുടെ വില കുറഞ്ഞതായാണ് വിവരം. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ കുറവാണ് വിലയിൽ ഇടിവുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോവർ വേരിയന്‍റിന് നിലവിൽ 12 ലക്ഷം രൂപയും ഉയർന്ന വേരിയന്‍റിന് 17.1 ലക്ഷം രൂപയുമാണ് വില.