പുന്നമടക്കായലിലൂടെ തോണി തുഴഞ്ഞ് സഞ്ജു; വീഡിയോ പങ്കുവച്ച് താരം

കോട്ടയം: പുന്നമടക്കായലിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പുന്നമടക്കായലിൽ തോണിയിൽ സഞ്ചരിച്ച്, ആലപ്പുഴയിൽ ഭക്ഷണം ആസ്വദിക്കുന്ന സഞ്ജുവിന്‍റെയും സുഹൃത്തുക്കളുടെയും വീഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സഞ്ജുവും സുഹൃത്തുക്കളും രണ്ട് തോണികളിലായാണു യാത്ര ചെയ്തത്. ഏഷ്യാകപ്പിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.ഇത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

പുന്നമടയുടെ ഭംഗിയും തോണി തുഴഞ്ഞുപോകുന്ന സഞ്ജുവിനെയും ദൃശ്യങ്ങളിൽ കാണാം. കട്ടനും കായലും കൂട്ടരും എന്നാണു വീഡിയോയുടെ തലക്കെട്ട്. മാസങ്ങൾക്കു മുൻപു നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തിലാണു സഞ്ജു ഒടുവിൽ‌ കളിച്ചത്. ടീം ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലും മികച്ച പ്രകടനം നടത്തി.