തെരുവ് നായ പ്രശ്നത്തിൽ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ജസ്റ്റിസ് എസ്. സിരിജഗൻ സമിതി
തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി, നാല് ദിവസത്തിനകം നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ കൂടി ഉൾപ്പെട്ട ഉന്നതതല സമിതി യോഗം ചേരും. നിലവിലെ സാഹചര്യവും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളും പരിശോധിക്കും. ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
ഈ മാസം 28ന് മുമ്പ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സിരിജഗൻ സമിതിക്ക് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദേശം. തെരുവ് നായ്ക്കളുടെ കേസ് മെയ് 28ൻ പരിഗണിക്കുമ്പോൾ സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രശ്നത്തിന്റെ ഗൗരവം പ്രതിഫലിക്കുന്ന തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സിരിജഗൻ കമ്മിറ്റിയുടെ ശ്രമം.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം, ആക്രമണകാരികളായ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ എണ്ണം, പേവിഷ വാക്സിൻ ഉപയോഗം, നായ്ക്കൾക്കുള്ള അഭയകേന്ദ്രങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ യോഗം ക്രോഡീകരിക്കും. എ.ബി.സി പദ്ധതി അഥവാ തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും സംഭവിച്ച വീഴ്ചകളും യോഗം ചർച്ച ചെയ്യും. സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിൽ അടിയന്തര പരിഹാര നിർദേശങ്ങളും ഉണ്ടാകും.