നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് എ എൻ ഷംസീർ
നിയമസഭയിലെ കയ്യാങ്കളി സാഹചര്യം ഒഴിവാക്കേണ്ടതെന്ന് സ്പീക്കർ എ.എൻ ഷംസീർ. കയ്യാങ്കളി നടന്ന ദിവസത്തേത് പ്രത്യേക സാഹചര്യമെന്നും എ എൻ ഷംസീർ പറഞ്ഞു. സഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലുകളിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കാലതാമസമുണ്ടാക്കാമെന്നതിനപ്പുറം ഗവർണർക്ക് ഒപ്പിടാതിരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം, കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭാ സെക്രട്ടേറിയറ്റിലെ തന്റെ സഹപ്രവർത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘യെസ് വീ കാൻ’ എന്ന വാചകം തന്നെയാണ് പറയാനുള്ളതെന്നും സ്പീക്കർ എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭാ സമ്മേളനങ്ങൾ ചേരുന്ന കാര്യത്തിലും നിയമനിർമ്മാണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിലും കേരള നിയമസഭ ബഹുദൂരം മുന്നിലാണ്. നിയമനിർമ്മാണ കമ്മിറ്റികള്‍, സബ്ജക്റ്റ് കമ്മിറ്റികള്‍ തുടങ്ങിയവ രൂപീകരിച്ച് പാര്‍ലിമെന്റിന് തന്നെ മാതൃകയായ നിയമസഭയാണ് നമ്മുടേതെന്നും ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.