സമരം ചെയ്യുന്നവര്‍ ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു

തൊടുപുഴ: കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. സമരം ചെയ്യുന്നവർ അഞ്ചാം തീയതി ശമ്പളം കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. സിംഗിൾ ഡ്യൂട്ടി യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണെന്നും ഇത് നടപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ ടിഡിഎഫ് പ്രവർത്തകർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ഇതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് പ്രതിഷേധിക്കുന്നത്. സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എല്ലാ മാസവും 5ന് മുമ്പ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പ് ലഭിച്ചതിനാൽ സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകൾ തൽക്കാലം പണിമുടക്കേണ്ടെന്ന തീരുമാനത്തിലാണ്.