ഓസ്ട്രേലിയയിൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി!
ഓസ്ട്രേലിയ: 380 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലിൽ നിന്ന് ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി. താടിയെല്ലുള്ള ഒരു മത്സ്യത്തിന്‍റെ ഫോസിലിൽ നിന്നാണ് ഈ പഴക്കമുള്ള ഹൃദയം കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
ഫോസിലൈസ്ഡ് ആമാശയം, കുടൽ, കരൾ എന്നിവയ്ക്കൊപ്പമാണ് ഹൃദയം കണ്ടെത്തിയത്. അവയവങ്ങളുടെ സ്ഥാനം സ്രാവിന്‍റെ ശരീരഘടനയ്ക്ക് സമാനമാണ്. ഈ കണ്ടുപിടുത്തം മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾ എങ്ങനെ പരിണമിച്ചു എന്നതിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ. 419 ദശലക്ഷത്തിനും 359 ദശലക്ഷത്തിനും ഇടയിലുള്ള ഡെവോണിയൻ കാലഘട്ടത്തിലെ ഫോസിലൈസ് ചെയ്ത താടിയെല്ലുള്ള മത്സ്യത്തിന്റേതാണ് അവയവങ്ങൾ എന്നാണ് കണ്ടെത്തൽ.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബെർലി മേഖലയിലെ ഗോഗോ പാറക്കെട്ടുകളിൽ നിന്നാണ് ഗവേഷകർ ഫോസിലുകൾ കണ്ടെത്തിയത്. ഡെവോണിയൻ കാലഘട്ടത്തിന്‍റെ അവസാന കാലത്തെ തനതായ ജന്തുജാലങ്ങളെയും സസ്യജാലങ്ങളെയും കണ്ടെത്തിയ പാറയാണിത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഗവേഷകർ ഇതിനകം താടിയെല്ലുള്ള മത്സ്യത്തിന്റെ 3 ഡി മോഡലുകൾ സൃഷ്ടിച്ച് കഴിഞ്ഞു.