വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം; തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ
ആലുവ: മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണ് കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നതെന്ന് ഗവർണർ. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി അയച്ച കത്തുകളാവും ഗവർണർ പുറത്തുവിടുക. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്നും ചാൻസലർ സ്ഥാനത്ത് തുടരാൻ തന്നോട് മുഖ്യമന്ത്രി നിർദേശിക്കുന്ന കത്തും പുറത്തുവിടുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കുട്ടിച്ചേർത്തു.
കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിടും. ഗവർണറെ ആക്രമിച്ചാൽ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നിൽ നിന്ന് നേടിയിട്ടുണ്ട്. അത് പുറത്തുവിടില്ല. അക്കാര്യങ്ങളെല്ലാം ഉചിതമായ സമയത്ത് കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നും ഗവർണർ പറഞ്ഞു.