ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ലെന്ന് ബിജെപി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആഗ്രഹം നടപ്പാകില്ലന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം ഭീഷണി മുഴക്കിയിട്ടുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ മുന്നോട്ട് വരുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗവർണർ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സർക്കാരും പോലീസുമാണ് കേരളത്തിലുള്ളത്. ഗവർണർ പരാതി നൽകിയോ എന്ന നിസ്സാരമായ ചോദ്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉയർത്തുന്നത്. കുറഞ്ഞത് ഒരു അന്വേഷണമെങ്കിലും നടത്തി പൊതു മര്യാദയുടെ താൽപ്പര്യപ്രകാരം നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവർണർക്ക് നീതി ലഭിക്കാത്ത രാജ്യത്ത് ഏത് സാധാരണക്കാരനാണ് നീതി ലഭിക്കുകയെന്നും സുരേന്ദ്രൻ ചോദിച്ചു.
തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കരുതെന്ന് നിർദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ പിണറായി തയ്യാറാവണം. കേരളത്തിലെ പോലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഎം രംഗത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.