നിലപാട് വ്യക്തമാക്കി ഗവർണർ ; ലോകായുക്ത, സര്‍വ്വകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ല
തിരുവനന്തപുരം: ലോകായുക്ത, സർവകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ലെന്നും, താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഇന്ന് രാജ്ഭവനിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിൽ ഗവർണർ ആവർത്തിച്ചു. മുഖ്യമന്ത്രി നൽകിയ മൂന്ന് കത്തുകളാണ് ഗവർണർ പുറത്തുവിട്ടത്.
2021 ഡിസംബർ 8 നാണ് വി.സിയുടെ പുനർനിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യ കത്ത് അയച്ചതെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ശുപാർശ നൽകിയെന്നും ഗവർണർ ആരോപിച്ചു. ചാൻസലറായി തുടരണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 16നാണ് മുഖ്യമന്ത്രിയിൽ നിന്ന് രണ്ടാമത്തെ കത്ത് ലഭിച്ചത്. സർവകലാശാലയുടെ ഭരണത്തിൽ ഇടപെടില്ലെന്ന് കാണിച്ച് ജനുവരി 16ന് തനിക്ക് അവസാന കത്ത് ലഭിച്ചതായും ഗവർണർ പറഞ്ഞു.