മീന്‍ വരഞ്ഞത് ശരിയാകാത്തതിനും മരച്ചീനി കഴിച്ചതിനും വരെ കണ്ണൻ ഐശ്വര്യയെ മർദിച്ചെന്ന് സഹോദരൻ
കൊല്ലം: യുവ അഭിഭാഷകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സഹോദരൻ. അറസ്റ്റിലായ കണ്ണൻ നായർക്ക് പണത്തോടുള്ള അത്യാഗ്രഹമായിരുന്നുവെന്ന് മരിച്ച ഐശ്വര്യയുടെ സഹോദരൻ അതുൽ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും ഐശ്വര്യയെ അനുവദിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ കണ്ണൻ തന്നെ മർദ്ദിച്ചെന്നും അതുൽ പറഞ്ഞു.
റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള ബാഗ് കീറിയതിനും, മീൻ വരഞ്ഞത് ശരിയാകാഞ്ഞതിനും, നനഞ്ഞ തുണി കട്ടിലിൽ കിടന്നതിനും, ബന്ധുവീട്ടിൽ നിന്ന് മരച്ചീനി വാങ്ങി കഴിച്ചതിനും വരെ കണ്ണൻ ഐശ്വര്യയെ ഉപദ്രവിച്ചതായി അതുൽ പറഞ്ഞു. ഐശ്വര്യ ജോലിക്ക് പോകുന്നതിനെ കണ്ണൻ എതിർത്തിരുന്നതായി ഐശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു.
എൽഎൽഎം പൂർത്തിയാക്കി കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15 നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിയും ആത്മഹത്യാക്കുറിപ്പും പരിശോധിച്ച ശേഷമാണ് ഐശ്വര്യയുടെ ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.