രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി എംഎൽഎ കൊണ്ടുവന്ന പശു ഓടിപ്പോയി

ജയ്പുർ: കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിലെത്തി. എന്നാൽ, എം.എൽ.എ നിയമസഭാ വളപ്പിൽ എത്തുന്നതിന് മുമ്പ് പശു ‘ഓടിപ്പോയി’. സുരേഷ് സിംഗ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്.

നിയമസഭാ ഗേറ്റിന് പുറത്ത് റാവത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പശു ഓടിപ്പോയത്. പശുക്കൾ ത്വക്ക് രോഗബാധിതരാണെന്നും എന്നാൽ സംസ്ഥാന സർക്കാർ ഗാഢനിദ്രയിലാണെന്നും കയ്യിൽ വടിയും പിടിച്ച് എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിന് ശ്രദ്ധ കൊടുക്കാനാണ് പശുവിനെ വിധാൻ സഭയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് പശു ‘ഓടിപ്പോയത്’.

മൃഗസംരക്ഷണ വകുപ്പിന്‍റെ തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം 59,027 കന്നുകാലികളാണ് ത്വക്ക് രോഗം ബാധിച്ച് ചത്തത്. ആകെ 13,02,907 കന്നുകാലികൾക്കാണ് രോഗം ബാധിച്ചത്.