പിഎഫ്ഐ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നു :ദേവേന്ദ്ര ഫഡ്നാവിസ്
ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വമ്പന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിൽ നാഗ്പൂർ വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ട് ഇപ്പോൾ പ്രവർത്തനത്തിന്റെ പുതിയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്കകത്ത് അശാന്തി സൃഷ്ടിക്കാൻ അവർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
എൻ.ഐ.എയുടെയും എ.ടി.എസിന്റെയും പക്കൽ മതിയായ രേഖകളും തെളിവുകളും ഉണ്ടെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി വ്യക്തമാക്കുന്നത്. കേന്ദ്ര- സംസ്ഥാന ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സമീപകാലത്തായി കേരള സർക്കാർ പോലും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.