താജ്മഹലിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ കച്ചവടകേന്ദ്രങ്ങൾ നീക്കാൻ സുപ്രീം കോടതി നിർദേശം
ആഗ്ര: താജ്മഹലിന് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാരകേന്ദ്രങ്ങളും നീക്കം ചെയ്യാൻ ആഗ്ര ഡെവലപ്മെന്റ് അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 500 മീറ്റർ ചുറ്റളവിൽ ഭൂമി അനുവദിച്ച കടയുടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുതിർന്ന അഭിഭാഷകൻ എഡിഎൻ റാവുവാണ് ഇവർക്ക് വേണ്ടി ഹാജരായത്.
2000 മേയിൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഈ നിർദ്ദേശം ആവർത്തിക്കുന്നതാണ് ഉചിതമെന്ന് അംഗീകരിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമാണ് താജ്മഹൽ. കടയുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അതിന്റെ പടിഞ്ഞാറൻ ഗേറ്റിൽ അനധികൃത കച്ചവടം നടക്കുന്നുണ്ടെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും വാദിച്ചു.