കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ്; ഉടൻ കുറ്റപത്രം സമർപ്പിക്കും
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കുട്ടിയുടെ പിതാവ് പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്ന ആളാണ്.
കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് കുട്ടിയുടെ പിതാവ് റാലിക്കായി തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ പിതാവ് കുട്ടിയെ പരിശീലിപ്പിച്ചിരുന്നുവെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കുട്ടിയുടെ സാന്നിധ്യം വൻ ഹിറ്റായതോടെ റാലികളിലും മറ്റ് പരിപാടികളിലും കുട്ടിയെ കൂടുതൽ ഉപയോഗിക്കാൻ സംഘടന തീരുമാനിച്ചതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
ആകെ 34 പ്രതികളാണ് കേസിലുള്ളത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസാണ് കേസിലെ ഒന്നാം പ്രതി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ കൗൺസിലിംഗിനെ വിധേയമാക്കാനുള്ള നിർദ്ദേശം കുടുംബം അംഗീകരിച്ചിരുന്നില്ല.