കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനം
തിരുവനന്തപുരം: കോവിഡ് കാലത്ത് എടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എടുത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഇന്ന് ചേർന്ന യോഗത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.
കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക് ധരിക്കാതിരിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.
പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും തീരുമാനമായി. എന്നാൽ പൊതുമുതൽ നശിപ്പിച്ച കേസുകളിലും അക്രമസംഭവങ്ങളിലും നടപടി തുടരും.