കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും?
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സാധ്യത. എഐസിസി പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയേക്കും. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അശോക് ഗെഹ്ലോട്ട് പിന്മാറിയത്.
അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരും ദിഗ്വിജയ് സിങ്ങുമാണ് നിലവിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ, മുകുൾ വാസ്നിക്കിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള ദലിത് നേതാവായ വാസ്നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തും മന്ത്രി സ്ഥാനം വഹിച്ചിരുന്നു..