കത്തിയെരിയുന്ന അഗ്നിപർവതത്തിന് മുകളിലൂടെ സ്ലാക്ക് ലൈനിംഗ്; ലോക റെക്കോർഡ്
കത്തിയെരിയുന്ന അഗ്നിപർവതത്തിന്റെ മുകളിലൂടെ സ്ലാക്ക് ലൈനിംഗ് നടത്തുക എന്നത് ചിന്തിക്കാൻ പറ്റുമോ? അങ്ങനെ നടന്നു കൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ വരെ ഇടം നേടിയിരിക്കുകയാണ് രണ്ടുപേർ. ബ്രസീലിൽ നിന്നുള്ള റാഫേൽ ബ്രൈഡി, അലക്സാണ്ടർ ഷൂൾസ് എന്നിവരാണ് വനവാടുവിലെ മൗണ്ട് യാസൂറിലുള്ള സ്ട്രാറ്റോവോൾക്കാനോയ്ക്ക് 137 അടി മുകളിലൂടെ വലിച്ചു കെട്ടിയ കയറിലൂടെ നടന്നത്. 856 അടി ദൂരമാണ് ഇരുവരും നടന്നത്.
സമുദ്രനിരപ്പിൽ നിന്ന് 361 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവ്വതം 1774 മുതൽ നിർത്താതെ കത്തിക്കൊണ്ടിരിക്കുകയാണ്. ലാവയും പുകയും നിറഞ്ഞ അഗ്നിപർവ്വതത്തിന് മുകളിലൂടെ ഇരുവരും നടക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കയറിലൂടെ നടക്കുന്നതിന് സമാനം തന്നെയാണ് സ്ലാക്ക് ലൈനിംഗ്. കേബിളോ പോളിസ്റ്ററോ ആണ് കയറിന് പകരം വലിച്ച് കെട്ടിയിരിക്കുക. അതിനാൽ തന്നെ ഇതിലൂടെ നടക്കുക എന്നത് അങ്ങേയറ്റം അപകടകരമാണ്. ആ അവസ്ഥയിലാണ് കത്തിയെരിയുന്ന അഗ്നിപർവതത്തിന് മുകളിലൂടെ നടന്ന് രണ്ടുപേർ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. അതിനിടയിൽ ഒരാൾ വീഴാൻ പോകുന്നതും വീഡിയോയിൽ കാണാം.