ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെയും ജഡ്ജിമാരുടെയും വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യം വർധിപ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 14,000 രൂപയും ജഡ്ജിക്ക് 12,000 രൂപയുമാണ് വിരമിക്കൽ ആനുകൂല്യമായി നൽകിയിരുന്നത്. ഇത് യഥാക്രമം 25,000 രൂപയായും 20,000 രൂപയായും ഉയർത്തി.
2014 മുതലാണ് സംസ്ഥാന സര്‍ക്കാർ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും ആനുകൂല്യം നൽകി തുടങ്ങിയത്. ആന്ധ്രാപ്രദേശിൽ അത്തരം ആനുകൂല്യങ്ങൾ നൽകിയ രീതി പിന്തുടർന്നാണ് ഇവിടെയും നടപ്പാക്കിയത്. ഇപ്പോൾ നൽകുന്ന ആനുകൂല്യം അപര്യാപ്തമാണെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് കത്തയച്ചതിനെ തുടർന്നാണ് ആനുകൂല്യങ്ങൾ പരിഷ്കരിച്ചത്.