നരബലി നടത്തിയാൽ നിധി കിട്ടുമെന്ന് കരുതി കർഷകനെ തലക്കടിച്ച് കൊന്ന് മന്ത്രവാദി
ചെന്നൈ: തമിഴ്നാട്ടിൽ നരബലിക്കായി മന്ത്രവാദി കർഷകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് ദാരുണമായ സംഭവം നടന്നത്. നരബലി നടത്തിയാൽ നിധി ലഭിക്കുമെന്ന വിശ്വാസത്തിൽ പൂജയ്ക്കിടെ കർഷകനെ മന്ത്രവാദി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനെ രണ്ട് ദിവസം മുമ്പാണ് സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെറ്റിലത്തോട്ടത്തിൽ തലയ്ക്കടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ലക്ഷ്മണന്റെ മൃതദേഹത്തിന് സമീപം ആഭിചാര ക്രിയകൾ നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മൃതദേഹത്തിന് സമീപം സിന്ദൂരം, നാരങ്ങ, കർപ്പൂരം എന്നിവ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നരബലിയാണെന്ന് വ്യക്തമായത്. ലക്ഷ്മണനെ അവസാനമായി വിളിച്ചത് ധർമ്മപുരി സ്വദേശി മണിയാണെന്ന് കണ്ടെത്തി. മന്ത്രവാദവും മന്ത്രവാദ ചികിത്സയും നടത്തുന്നയാളാണ് ഇയാൾ. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ നരബലിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
ലക്ഷ്മണന്റെ വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്ന് മണി ലക്ഷ്മണനെ നേരത്തെ വിശ്വസിപ്പിച്ചിരുന്നു. ഇത് ലഭിക്കാൻ ഒരു നരബലി നടത്തണമെന്നും പറഞ്ഞു. മന്ത്രവാദ ചികിത്സയ്ക്കായി മണിയുടെ അടുക്കൽ വരുന്ന ഒരു യുവതിയെ ബലി നൽകാൻ ആയിരുന്നു ആദ്യ പദ്ധതി. ചികിത്സയുമായി ബന്ധപ്പെട്ട പൂജകൾക്കായി വെറ്റിലത്തോട്ടത്തിൽ വരാൻ യുവതിയോട് ആവശ്യപ്പെട്ടു. പൂജ തുടങ്ങിയിട്ടും എത്താത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് ലക്ഷ്മണനെ ബലി നൽകാൻ മണി തീരുമാനിച്ചത്. ലക്ഷ്മണന്റെ തലയ്ക്കടിച്ച ശേഷം നിധിക്കായി തോട്ടം മുഴുവൻ തിരഞ്ഞെങ്കിലും നിധി കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. അസ്വാഭാവിക മരണമായി അന്വേഷണം ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ലക്ഷ്മണന്റെ മരണം നരബലിയാണെന്ന് പുറത്തറിയുന്നത്.