ആരാധകർ ഏറെ; ലാഭമുണ്ടാക്കി മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസ്
മലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാന്‍ മാര്‍ഗമില്ലെന്നറിയിച്ചപ്പോള്‍ കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഒരു സർവീസ് ആരംഭിച്ചു. പലരും അത് മണ്ടത്തരമാണെന്ന് പറഞ്ഞു. എന്നാൽ, നാല് വർഷം മുമ്പ് സെപ്റ്റംബർ 30ന് ആരംഭിച്ച ഈ സർവീസ് ഇപ്പോൾ ഏറ്റവും ലാഭകരമായ ഒന്നാണ്. ടൂറിസം ട്രിപ് എന്ന ആശയത്തിനും ഈ വണ്ടി വഴിയൊരുക്കി.
അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വനസൗന്ദര്യം ആസ്വദിച്ച് അങ്ങോട്ടും ഇങ്ങോട്ടുമായി 180 കിലോമീറ്റര്‍ ഓടുന്ന ഈ രാത്രിവണ്ടിയിൽ ഇപ്പൊൾ കാലുകുത്താൻ സ്ഥലമില്ലാത്ത തിരക്കാണ്. ‘ഒറ്റയാന്’ എന്ന് പേരിട്ട് സ്റ്റിക്കറും അലങ്കാരങ്ങളും ഒട്ടിച്ച ഈ വണ്ടിക്ക് ഇന്നുള്ളത് രണ്ടായിരത്തിലധികം ആരാധകര്‍. ആരാധകർക്ക് ഒരു ഫേസ്ബുക്ക് ഗ്രൂപ്പും നാല് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. പാട്ടുവെച്ച് കാട്ടിലൂടെ ഓടുന്ന ഒറ്റയാന് മ്യൂസിക് സിസ്റ്റം വാങ്ങി നല്കിയതും ആരാധകർ തന്നെ.