ബ്രസീല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്; ഒക്ടോബർ 30ന് റണ്ണോഫ്
റിയോ ഡി ജനീറോ: ബ്രസീലിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുലയും നിലവിലെ പ്രസിഡന്‍റ് ജെയിർ ബോൽസൊനാരോയും അടുത്തടുത്ത് ഫിനിഷ് ചെയ്തതോടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 30ന് നടക്കുന്ന റണ്ണോഫിലേയ്ക്ക് പോകുമെന്ന് ബ്രസീൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നിലവിലെ പ്രസിഡന്‍റ് ജെയിർ ബോൽസൊനാരോയുടെ പ്രതീക്ഷകളെ മറികടന്ന് വലിയ മുന്നേറ്റമാണ് നടത്തിയത്.
99.5 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന ലുലയ്ക്ക് 48.3 ശതമാനം വോട്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്‍റ് ബോൽസൊനാരോയ്ക്ക് 43.3 ശതമാനം വോട്ടും ലഭിച്ചു. ഇതോടെയാണ് അടുത്ത ഘട്ടം ഒക്ടോബർ 30ന് നടത്താൻ തീരുമാനിച്ചത്. 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടിയാൽ മാത്രമേ ഒരാളെ പ്രസിഡന്‍റായി പ്രഖ്യാപിക്കാൻ കഴിയൂ എന്നാണ് ബ്രസീലിലെ തിരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നത്.
ഒരു സ്ഥാനാർത്ഥിയും പകുതിയിലധികം വോട്ടുകൾ നേടിയില്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥികളെ വച്ച് റൺ ഓഫ് തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ബ്രസീലിലെ തിരഞ്ഞെടുപ്പ് നിയമം. ഇതോടെ ഇരുവിഭാഗവും നേരിട്ട് മത്സര രംഗത്ത് വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.