ഗുജറാത്തില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് സര്‍വേ
അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സർവേ പറയുന്നത്. തുടർച്ചയായ ഏഴാം തവണയും ബിജെപി വിജയിക്കുമെന്നാണ് എബിപി-സിവോട്ടർ സർവേ പ്രവചിക്കുന്നത്. ഗുജറാത്തിന് പുറമെ ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലെത്താനാണ് സാധ്യത. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകരാൻ സാധ്യതയുണ്ടെന്നും സർവ്വേ പറയുന്നു.
1995 മുതൽ ഗുജറാത്തിൽ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 135 മുതൽ 143 വരെ സീറ്റുകളാണ് എബിപി-സി വോട്ടർ സർവേ പ്രവചിക്കുന്നത്. 2017 ൽ ബിജെപി 99 സീറ്റുകളും കോണ്‍ഗ്രസ് 77 സീറ്റുകളും നേടിയിരുന്നു. കോണ്‍ഗ്രസ് ഇത്തവണ 36-44 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് സർവ്വേ പറയുന്നത്. പഞ്ചാബിലെ ഉജ്ജ്വല വിജയത്തിന് ശേഷം ഗുജറാത്തിൽ ശക്തമായി പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടി 0-2 സീറ്റുകൾ വരെ നേടും. സർവ്വേ പ്രകാരം 17.4 ശതമാനം വോട്ട് വിഹിതം ലഭിക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് എബിപി ന്യൂസ്-സിവോട്ടർ സർവേ നടത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് 34.6 ശതമാനം പേര് നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അനുകൂലിച്ചു. അതേസമയം, 15.6 ശതമാനം പേര് എഎപി സ്ഥാനാർത്ഥി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. 9.2 ശതമാനം പേര് ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെ അനുകൂലിച്ചു. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെയും അഞ്ച് ശതമാനം പേര് പിന്തുണച്ചു.