ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ 25 മരണം സ്ഥിരീകരിച്ചു
പൗരി ഗഡ്വാൽ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 50 പേരുണ്ടായിരുന്നു. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
ആദ്യഘട്ടത്തിൽ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാൻ കാര്യമായ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ദുരന്തനിവാരണ സേനയെത്തി ലൈറ്റുകൾ തെളിയിച്ചപ്പോഴാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്.