മിസൈൽ പരീക്ഷണം; ഉത്തരകൊറിയയ്ക്ക് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും
ടോക്കിയോ: ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടി നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ ഇരു രാജ്യങ്ങളും വിക്ഷേപിച്ചു. ഇതിന് പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ പരിശീലനവും നടന്നു.
അഞ്ച് വർഷത്തിനിടെ ആദ്യമായി ഉത്തരകൊറിയ ജപ്പാന് കുറുകെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത് മേഖലയിൽ പരിഭ്രാന്തി പരത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ രൂക്ഷമായി വിമർശിച്ചു.
ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. മിസൈൽ കടലിൽ പതിച്ചെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. നിരവധി പേരെ ഒഴിപ്പിക്കുകയും ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു. കമ്യൂണിസ്റ്റ് കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജാപ്പനീസ് സർക്കാർ അപലപിച്ചു.