ബലാത്സംഗ കേസ് ഒഴിവാക്കാൻ ബർ​ഗർ വിതരണം; വിചിത്ര നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് റദ്ദാക്കാൻ യുവാവിന് മുന്നിൽ വിചിത്രമായ ഉപാധിയുമായി ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവ് ഒരു ബർഗർ കടയുടമയാണ്. ഇയാളുടെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി.

ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ ഭാര്യ യുവാവിനെതിരെ കേസ് നൽകിയത്. എന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്നും സമവായ നീക്കം ഉണ്ടായത്. രണ്ട് അനാഥാലയങ്ങളിലായി നൂറിൽ കുറയാത്ത കുട്ടികൾക്ക് വൃത്തിയുള്ളതും രുചികരവുമായ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.  

മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലാണോ ബർഗറുകൾ നിർമ്മിക്കുന്നതെന്ന് നിരീക്ഷിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. 

ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ശത്രുതയും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗ പരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പ്രസ്താവിച്ച് എഫ്ഐആർ റദ്ദാക്കാൻ തീരുമാനിച്ചത്. വൈവാഹിക തർക്കമെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.