കൂടത്തായി കൊലപാതക പരമ്പര; ജോളി അറസ്റ്റിലായിട്ട് മൂന്നു വര്‍ഷം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്ന് വർഷം പിന്നിടുന്നു. സ്വത്ത് തട്ടിയെടുക്കാൻ ജോളി ആറ് കൊലപാതകങ്ങൾ നടത്തി. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തി. ആറ് കൊലപാതകങ്ങളിൽ റോയ് തോമസ് കേസിലെ പ്രാഥമിക വാദം മരട് പ്രത്യേക കോടതിയിൽ തുടരുകയാണ്.
സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വ്യാജ വിൽപ്പത്രത്തിന്റെയും അതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സ്വാഭാവിക മരണങ്ങളായി അവശേഷിച്ചിരുന്ന ആറ് മരണങ്ങളും കൊലപാതകമാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളി തോമസാണ് ആറുപേരെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്തത്. 2002 ൽ അന്നമ്മ തോമസ് ആട്ടിന്‍ സൂപ്പ് കഴിച്ച് കുഴഞ്ഞുവീണ് മരിച്ചതായിരുന്നു ആദ്യ കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും മൂന്ന് വർഷത്തിന് ശേഷം മകൻ റോയ് തോമസും മരിച്ചു.
അന്നമ്മ തോമസിന്റെ സഹോദരന് എം.എം. മാത്യുവിന്റേതായിരുന്നു നാലാമത്തെ മരണം. ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ തൊട്ടടുത്ത മാസം മരിച്ചു. ഷാജുവിന്റെ ഭാര്യ സിലിയും 2016ൽ മരിച്ചു.