​’ഗോഡ് ഫാദർ’; റെക്കോർഡുകൾ തിരുത്തി കുറിക്കാൻ ചിരഞ്ജീവി

ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്ന ചിത്രം തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കാണ് ചിത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. പലരും ചിരഞ്ജീവിയെയും ചിത്രത്തിന്‍റെ നിർമ്മാണത്തെയും പ്രശംസിക്കുന്നു. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

ഗോഡ്ഫാദർ ആദ്യ ദിനം നേടിയത് 38 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അതേസമയം ലൂസിഫർ തനിക്ക് പൂർണ സംതൃപ്തി നൽകുന്ന സിനിമയല്ലെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിരസമായ മുഹൂർത്തങ്ങൾ ഇല്ലാത്ത തരത്തിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നും സിനിമ ഏറ്റവും ആകർഷണീയമായിരിക്കുമെന്നും ചിരഞ്ജീവി നേരത്തെ പറഞ്ഞിരുന്നു.