സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ നിയമ പോരാട്ടത്തിലേക്ക്
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിതയായ സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ നിയമ പോരാട്ടത്തിലേക്ക്. ശമ്പളത്തിനായി ചെലവഴിച്ച തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് (പിഡബ്ല്യുസി) നോട്ടീസ് അയച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.
പിഡബ്ല്യുസിയെ നിരോധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് ഇത്തരമൊരു നോട്ടീസ് അയച്ചതെന്നാണ് കമ്പനി മറുപടി നൽകിയത്. ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയിൽ പ്രതികരിക്കാമെന്നാണ് കമ്പനിയുടെ നിലപാട്. കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ നിയമപരമായി നേരിടാനാണ് കെഎസ്ഐടിഐഎല്ലിന്റെ തീരുമാനം. 2020 ജൂലൈ 16 ന് പിഡബ്ല്യുസിയെ നിരോധിക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ ചെയ്തിരുന്നു. കെ-ഫോണിലെ കൺസൾട്ടൻസി കരാർ തീരുന്നതിന് മൂന്നു ദിവസം മുന്പ് നവംബറിൽ കമ്പനിയെ വിലക്കി ഉത്തരവിറങ്ങി.
സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാനാവില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് നേരത്തെ കെഎസ്ഐടിഐഎല്ലിനെ അറിയിച്ചിരുന്നു. തുക തിരിച്ചുപിടിക്കാൻ നിയമോപദേശം തേടിയ ശേഷമാണ് കെ.എസ്.ഐ.ടി.ഐ.എൽ നോട്ടീസ് നൽകിയത്. കെ.എസ്.ഐ.ടി.ഐ.എല്ലിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. ശമ്പളമായി 19,06,730 രൂപയാണ് ഐടി വകുപ്പ് പിഡബ്ല്യുസിക്ക് അനുവദിച്ചത്.