ലോക കേരള സഭ യൂറോപ്യന്‍ മേഖലാ സമ്മേളനം ലണ്ടനില്‍;ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലണ്ടന്‍: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ലണ്ടൻ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ നടക്കുന്ന മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയിൽ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുന്നതിനൊപ്പം ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം ചേരുന്നതെന്ന് നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
യൂറോപ്യൻ മേഖലയിൽ നിന്നുള്ള ലോക കേരള സഭയിലെ അംഗങ്ങളും വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ മികവ് പുലർത്തിയ മലയാളികൾ, വിദ്യാർത്ഥി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും ക്ഷണിതാക്കളാണ്.
നവകേരള നിര്‍മ്മാണം; പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും, ലോക കേരള സഭ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യന്‍ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവി രാമൻ, നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ.എം. അനിരുദ്ധൻ തുടങ്ങിയവർ യഥാക്രമം ചർച്ചകൾക്ക് നേതൃത്വം നൽകും.