ആദിപുരുഷ് രാമായണത്തെ മുസ്ലിംവല്‍ക്കരിക്കുന്നുവെന്ന് ആരോപണം

പ്രഭാസ് നായകനായ ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ സംവിധായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവാദ രംഗങ്ങൾ നീക്കം ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് സർവ ബ്രാഹ്മിന്‍ മഹാസഭ നോട്ടീസ് നൽകിയിട്ടുണ്ട്. സിനിമയിൽ ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം.

സർവ ബ്രാഹ്മിന്‍ മഹാസഭയുടെ അഭിപ്രായത്തിൽ ഹിന്ദു ദൈവങ്ങൾ അശ്ലീല ഭാഷയിൽ സംസാരിക്കുന്നതായി ചിത്രം കാണിക്കുന്നു. രാമായണം നമ്മുടെ ചരിത്രമാണ്, പക്ഷേ ഹനുമാന് മുഗൾ പശ്ചാത്തലമുള്ളതായി ചിത്രം കാണിക്കുന്നുവെന്ന് സർവ ബ്രാഹ്മിന്‍ മഹാസഭ പറഞ്ഞു. രാമായണത്തെയും ശ്രീരാമനെയും മുസ്ലീംവത്കരിക്കുകയാണ് ചിത്രത്തിന്‍റെ ലക്ഷ്യമെന്നും ബ്രാഹ്മിന്‍ മഹാസഭ ആരോപിച്ചു. വിദ്വേഷം പരത്തുകയാണ് സിനിമയുടെ ലക്ഷ്യം. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഉൾപ്പെടെ ആദിപുരുഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം, ടീസറിന് ശേഷം ഉയര്‍ന്ന ട്രോളുകളിൽ അത്ഭുതപ്പെടാനില്ലെന്ന് ആദിപുരുഷിന്‍റെ സംവിധായകൻ ഓം റൗട്ട് പറഞ്ഞു. ബിഗ് സ്ക്രീനിന് വേണ്ടിയാണ് ചിത്രം നിർമ്മിച്ചതെന്നും സംവിധായകൻ പറഞ്ഞു. ഈ സിനിമ ബിഗ് സ്ക്രീനിന് വേണ്ടി നിർമ്മിച്ചതാണ്. എനിക്ക് ഒരു ചോയ്സ് നൽകിയിരുന്നെങ്കിൽ, ഞാൻ ഒരിക്കലും ടീസർ യൂട്യൂബിൽ ഇടില്ലായിരുന്നു. പക്ഷേ, അതാണ് കാലത്തിന്‍റെ ആവശ്യം. വലിയ തോതിൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ ഇവിടെ പ്രദർശിപ്പിച്ചേ മതിയാകൂവെന്നാണ് ഓം റൗട്ട് പ്രതികരിച്ചത്.