പോരാടാൻ തരൂരും ഖാർഗെയും; അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവരാണ് സ്ഥാനാർത്ഥികൾ. രഹസ്യ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ഈ മാസം 17ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.
അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ പരസ്യ പിന്തുണയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയാണ്. മാർഗനിർദ്ദേശങ്ങൾ അവഗണിച്ച് മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുന്ന നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് തരൂർ പറഞ്ഞു. സമവായമോ നാമനിർദ്ദേശ പത്രിക പിൻവലിക്കലോ ഉണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഖാർഗെ ഹൈദരാബാദിലും തരൂർ മുംബൈയിലും പ്രചാരണം നടത്തുകയാണ്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഹൈക്കമാൻഡിന്റെ വികാരം കണക്കിലെടുത്ത് ഖാർഗെയെ പിന്തുണയ്ക്കുന്ന പി.സി.സികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് പിസിസി അധ്യക്ഷൻ പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂർ അതൃപ്തി അറിയിച്ചത്.