സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് സഹായിച്ചത് ബ്രിട്ടനെ: രാഹുല്‍ ഗാന്ധി
ബെംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് ബ്രിട്ടനെ സഹായിച്ചുവെന്നും, സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സഹായധനം കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനം ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങളിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി രൂപീകൃതമായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നും രാഹുൽ പറഞ്ഞു. “എന്‍റെ അറിവനുസരിച്ച് ആർഎസ്എസ് ബ്രിട്ടനെ സഹായിക്കുകയും സവർക്കർ അവരിൽ നിന്ന് സഹായധനം സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി.യെ കാണാനില്ലായിരുന്നു. അത്തരം വസ്തുതകൾ ബി.ജെ.പിക്ക് മറക്കാനാവില്ല. സ്വാതന്ത്ര്യത്തിനായി പോരാടിയത് കോൺഗ്രസും അതിന്‍റെ നേതാക്കളുമാണ്”, രാഹുൽ പറഞ്ഞു.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവർ ദേശവിരുദ്ധരാണെന്നും അവർക്കെതിരെ പോരാടണമെന്നും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഏത് വിഭാഗത്തിൽ പെട്ടവരാണെന്നത് വിഷയമല്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ നടപടിയാണ്. ഇത്തരക്കാർക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.