കോൺഗ്രസിൽ ജെഡിയു ലയിപ്പിക്കാൻ പ്രശാന്ത് കിഷോർ ഉപദേശിച്ചെന്ന വെളിപ്പെടുത്തലുമായി നിതീഷ്

പട്ന: ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്നെ പിൻഗാമിയാക്കാമെന്ന് നിതീഷ് വാഗ്ദാനം ചെയ്തെന്ന പ്രശാന്തിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെഡിയുവിൽ തന്‍റെ പിൻഗാമിയായി പ്രശാന്തിനെ നിയമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് നിതീഷ് പറഞ്ഞു.

“ഞാൻ ക്ഷണിച്ചിട്ടല്ല കഴിഞ്ഞ മാസം പ്രശാന്ത് കാണാൻ വന്നത്. അദ്ദേഹം സ്വന്തം ഇഷ്ടത്തിനാണ് എന്നെ കാണാൻ വസതിയിലെത്തിയത്. പ്രശാന്ത് നുണ പറയുന്നത് തുടരുകയാണ്. അദ്ദേഹം എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ഞങ്ങൾക്ക് അദ്ദേഹവുമായി ഒന്നും ചെയ്യാനില്ല. ഞങ്ങൾ‌ അദ്ദേഹത്തെക്കുറിച്ച് ബോധവാൻമാരാണ്. ഡൽഹിയിലും പട്നയിലും അദ്ദേഹവുമായി ചർച്ച നടത്തിയതാണ്. ഇടയ്ക്കിടെ അദ്ദേഹവുമായി ചർച്ച നടത്തേണ്ട ആവശ്യമില്ല. അഞ്ച് വർഷം മുൻപാണ് കോൺഗ്രസുമായി ലയിപ്പിക്കാൻ ആവശ്യപ്പെട്ടത്. പ്രശാന്ത് കിഷോറിനെപ്പോലുള്ളവർ ഒരിടത്തും നിൽക്കില്ല. കുറച്ചു നാളുകളായി പ്രശാന്ത് ബിജെപിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾക്കെതിരെ സംസാരിക്കുന്നത്” നിതീഷ് പറഞ്ഞു.

പാർട്ടിയെ നയിക്കാൻ നിതീഷ് കുമാർ തന്നോട് ആവശ്യപ്പെട്ടതായി പ്രശാന്ത് കിഷോർ അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിൽ പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന് മറുപടിയും നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റിക്കൽ കൺസൾട്ടൻസി ഐ പാക്കിന്‍റെ സ്ഥാപകനായ പ്രശാന്ത് 2018ലാണ് ജെഡിയുവിൽ ചേർന്നത്. ദേശീയ വൈസ് പ്രസിഡന്‍റായി നിയമിതനായ അദ്ദേഹത്തെ പിന്നീട് പൗരത്വ നിയമത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പുറത്താക്കുകയായിരുന്നു.