വെനസ്വേലയിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം
വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലിൽ 22 പേർ മരിച്ചു. 50ലധികം പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് ദുരന്തത്തിന് കാരണമായത്. മധ്യ വെനസ്വേലയിലാണ് സംഭവം. കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്ന് സന്ദർശിച്ചു. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രസിഡന്റ് നിക്കോളാസ് മഡൂറോ ഈ സാഹചര്യത്തെ “ബുദ്ധിമുട്ടുള്ളതും വേദനാജനകവും” എന്നാണ് വിശേഷിപ്പിച്ചത്. 1,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി കാർലോസ് പെരസ് ആംപ്യൂഡ പറഞ്ഞു.
എൽ പാറ്റോ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. അനൗദ്യോഗിക കണക്കനുസരിച്ച് 52 പേരെ ഇനിയും കണ്ടെത്താനുണ്ട്.