കോടിയേരിയുടെ മരണവാർത്തയ്ക്ക് കീഴെ വിദ്വേഷ കമന്‍റ്; അധ്യാപികയെ സസ്പെൻഡ് ചെയ്തു
കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ചരമ വാർത്തയ്ക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഗിരിജയെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി കൂടിയാണ് ഗിരിജ.
കോടിയേരി ബാലകൃഷ്ണന്‍റെ മൃതശരീരം ഞായറാഴ്ച തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് ലൈവ് ന്യൂസിന് താഴെ അധ്യാപിക വിദ്വേഷ പരാമർശം നടത്തിയത്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയാണെന്ന് വ്യക്തമായതോടെ കോടിയേരിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഇവർക്കെതിരെ സി.പി.എം പ്രവർത്തകൻ ജിജോ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.
ഐപിസി 153 പ്രകാരം കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. നിലവിൽ ഗിരിജ താമസിക്കുന്നത് കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്നതിനാൽ കേസ് അങ്ങോട്ടേക്ക് മാറ്റി. എന്നാൽ സി.പി.എം ഇപ്പോഴും രാഷ്ട്രീയ പക പോക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.