മലാല സംഭവത്തിന്റെ പത്താംവർഷത്തിൽ പാകിസ്ഥാനിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾ മലാല യൂസഫ്സായിയെ വെടിവെച്ചതിന്റെ പത്താം വാർഷികത്തിലാണ് സ്കൂൾ വാനിന് നേരെ ആക്രമണമുണ്ടായത്. സ്വാത് താഴ്വാരയിലെ ചാർബാഗ് പ്രദേശത്താണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.
ആയുധധാരികളായ സംഘം വാഹനത്തിന് നേരെ വെടിയുതിർക്കുമ്പോൾ 15 വിദ്യാർത്ഥികളും ജീവനക്കാരും ബസിലുണ്ടായിരുന്നതായി ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) സാഹിദ് മർവത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ഖ്വാസഖേല ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടർന്ന് സ്വാത് ജില്ലയിലെ വിദ്യാർത്ഥികളും അധ്യാപകരും മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രകടനം നടത്തി. പ്രദേശത്തെ ക്രമസമാധാന നില വളരെ മോശമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഭീകരർക്കെതിരെ സുരക്ഷാ സേന ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകളും ആക്രമണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ക്രമസമാധാന നിലയിൽ അവരും ആശങ്ക പ്രകടിപ്പിച്ചു. സ്വാത്തിൽ സ്കൂൾ ബസിനെ നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായി പാക് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ഭീകരർ ഉയർത്തുന്ന ഭീഷണിയെ സർക്കാർ നിസ്സാരവത്കരിക്കുകയാണെന്നും എച്ച്ആർസിപി പ്രസ്താവനയിൽ ആരോപിച്ചു. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഭീകരർക്ക് ഇടം നൽകുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.