ഗാംഗുലിയെ വെട്ടി ജയ് ഷാ; ദാദയ്ക്ക് രണ്ടാം അവസരമില്ല
മുംബൈ: സൗരവ് ഗാംഗുലി രണ്ടാമതൊരു അവസരം ലഭിക്കാതെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 18ന് അവസാനിക്കും.
സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി രണ്ടാമതൊരു അവസരം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സെക്രട്ടറി ജയ് ഷായും സംഘവും അത് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ രൂക്ഷവിമർശനമാണ് സൗരവ് ഗാംഗുലി നേരിട്ടത്.
ബി.സി.സി.ഐ പ്രസിഡന്‍റ് എന്ന നിലയിൽ സൗരവ് ഗാംഗുലി പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ പിൻമാറുകയായിരുന്നു.