പീഡനപരാതിയിൽ ധാര്‍മ്മികത അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനം എടുക്കട്ടെ; നിലപാട് വ്യക്തമാക്കി സിപിഎം
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സി.പി.എം. എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ധാർമ്മിക പ്രശ്നവുമുണ്ട്. കോൺഗ്രസ് അതിന്റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനമെടുക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നാണ് സി.പി.എമ്മിന്‍റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. എം.എൽ.എ കടുത്ത മദ്യപാനിയാണെന്നും മദ്യലഹരിയിൽ തന്നെ മർദ്ദിക്കാറുണ്ടെന്നും പരാതിക്കാരി ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ എം.എൽ.എയുടെ ഭാഗത്തുനിന്നും 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇത് വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിൽ നിന്നുള്ള ഒരു സ്ത്രീ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവതി പെരുമ്പാവൂർ മാറമ്പള്ളി സ്വദേശിയും മുൻ വാർഡ് അംഗവുമാണെന്ന് യുവതി പറഞ്ഞു. മറ്റ് വഴികളില്ലാതെയാണ് പരാതി നൽകിയത്. കോൺഗ്രസിലെ പല നേതാക്കളുടെയും അറിവോടെയാണ് തനിക്കെതിരെ സൈബർ ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി യുവതി പറഞ്ഞു. എന്നാൽ കോൺഗ്രസ് എംഎൽഎമാരോ പ്രമുഖ നേതാക്കളോ തന്നെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് ആരും തന്നെ വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി.