ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വരുന്നു
കേന്ദ്രസർക്കാരിന് കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വന്നേക്കും. പദ്ധതികളുടെ കാര്യക്ഷമത നിരീക്ഷിക്കുകയാണ് ഡ്രോണുകൾ എത്തിക്കുന്നതിന്റെ ലക്ഷ്യം. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ അനുമതി തേടി ഗ്രാമവികസന മന്ത്രാലയം കേന്ദ്ര മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്.
നിരവധി പേർ തൊഴിലുറപ്പ് പദ്ധതിയിലെത്താതെ പണം വാങ്ങുന്നുവെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. ഈ രീതിയിൽ ഫണ്ട് ദുരുപയോഗം ചെയുന്നത് ഒഴിവാക്കാൻ നിരീക്ഷണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ, ഗുജറാത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഒരു വിഭാഗം ആളുകളെ പരീക്ഷണാടിസ്ഥാനത്തിൽ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
ഗുജറാത്തിലെ പൈലറ്റ് പദ്ധതിക്ക് ശേഷം, ഡ്രോൺ നിരീക്ഷണത്തിനായി മന്ത്രാലയം വ്യക്തമായ ചട്ടക്കൂടും പുറത്തിറക്കും. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. ശേഷം ഡ്രോണ്‍ നിരീക്ഷണം മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് പദ്ധതികളിലേക്കും വ്യാപിപ്പിക്കും.