ഗുജറാത്ത് പിടിക്കാൻ ബിജെപി; ഗൗരവ് യാത്രയുടെ ഭാഗമാകാൻ അമിത് ഷായും

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗുജറാത്തിൽ വമ്പൻ പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി. ‘ഗൗരവ് യാത്ര’ എന്ന പേരിൽ അഞ്ച് യാത്രകൾ നടത്താനാണ് തീരുമാനം. 2002 ൽ ആദ്യ ഗൗരവ് യാത്ര സംഘടിപ്പിച്ച ബിജെപി 2017 ലും യാത്ര നടത്തിയിരുന്നു.

ഗോത്രവിഭാഗങ്ങളുടെ വോട്ടുകളാണ് യാത്ര ലക്ഷ്യം വെക്കുന്നത്. പാട്ടീദാർ സമുദായം ബി.ജെ.പിക്ക് എതിരായതിനാൽ വമ്പൻ പ്രചാരണവുമായാണ് യാത്ര എത്തുന്നത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ കടുത്ത ഭീഷണിയാണ് ബിജെപി നേരിടുന്നത്. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് ബിജെപി. ഗുജറാത്തിൽ സ്ഥാനം നഷ്ടപ്പെട്ട കോൺഗ്രസ് ബിജെപിയെ പുറത്താക്കാൻ എഎപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ യാത്രയുടെ ഭാഗമാകും. 10 ദിവസം കൊണ്ട് 144 മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രചാരണം നടത്തുന്നത്ത്. 5,734 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ 145 യോഗങ്ങൾ സംഘടിപ്പിക്കും. ഗുജറാത്തിൽ 182 മണ്ഡലങ്ങളാണുള്ളത്. ഉനൈ മുതൽ അംബാജി വരെയുള്ള 490 കിലോമീറ്റർ പാതയിൽ ഗോത്ര വിഭാഗങ്ങളാണ് കൂടുതലായും അധിവസിക്കുന്നത്.