കര്‍ണാടക ഹിബാജ് നിരോധനം; സുപ്രീംകോടതി വിധി നാളെ
ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ഹർജികളിലെ വാദങ്ങൾ നേരത്തെ പൂർത്തിയാക്കുകയും വിധി പ്രസ്താവത്തിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്‍റെ ഭാഗമായി കണ്ടുകൂടേ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.
ഹിജാബ് നിരോധിച്ചത് മുസ്ലീം വിദ്യാർത്ഥിനികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കലാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. 150 വിദ്യാർത്ഥിനികൾ പഠനം ഉപേക്ഷിച്ച് ഹിജാബ് നിരോധിച്ച സ്ഥാപനത്തിൽ നിന്ന് ടിസി വാങ്ങിയതായി കാണിക്കുന്ന രേഖയും കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു. ഹിജാബ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും കപിൽ സിബൽ പറഞ്ഞു.