കമ്പനി ലാഭത്തിലാക്കാൻ 2500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടാനൊരുങ്ങുന്നു

ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് കമ്പനിയെ ലാഭകരമാക്കാൻ അടുത്ത ആറ് മാസത്തിനുള്ളിൽ 2,500 ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു. 2023 മാർച്ചോടെ മാര്‍ക്കറ്റിംഗ് ഓപ്പറേഷണല്‍ മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പിരിച്ചുവിടലിനൊപ്പം 10,000 അധ്യാപകരെ കൂടി നിയമിക്കാൻ തീരുമാനിച്ചതായി ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു.

ഇന്ത്യയിലുടനീളം ബ്രാൻഡിനെക്കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കാൻ ബൈജൂസിന് കഴിഞ്ഞിട്ടുണ്ട്. ബ്രാൻഡിനെ ആഗോള തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി മാർക്കറ്റിംഗ് ബജറ്റിനെ മറ്റ് മുൻഗണനകൾക്കായി ചെലവഴിക്കാൻ തീരുമാനിച്ചതായി ദിവ്യ പറയുന്നു. പ്രവർത്തന മേഖലയിലും ചെലവുകളുടെ നിയന്ത്രണം കൊണ്ടുവരാൻ ബൈജൂസ് വിവിധ ബിസിനസ് യൂണിറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബൈജൂസ് സഹസ്ഥാപക വിശദീകരിച്ചു. മെറിറ്റ് നേഷൻ, ട്യൂട്ടർ വിസ്റ്റ, സ്കോളര്‍ ആന്‍ഡ് ഹാഷ് ലേണ്‍ എന്നിവയെ ഒരുമിപ്പിച്ച് ഇന്ത്യ ബിസിനസ് എന്ന വിഭാഗത്തിലേക്ക് കൊണ്ടുവരും. നിലവിലെ സാഹചര്യത്തിൽ ആകാശും ഗ്രേറ്റ് ലേണിംഗും വെവ്വേറെ സ്ഥാപനങ്ങളായി തുടരുമെന്നും അവർ വിശദീകരിച്ചു.

പുതിയ നീക്കം കാര്യക്ഷമത വർദ്ധിപ്പിക്കുകയും ആവർത്തനം കുറയ്ക്കുകയും ചെയ്യുമെന്ന് ദിവ്യ നിരീക്ഷിക്കുന്നു. ബൈജൂസിന്‍റെ ഹൈബ്രിഡ് മോഡൽ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലാഭിക്കുന്നത് . മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് റിപ്പോർട്ട് ചെയ്തത്.