വിഷന്‍ 24; പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്
കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്. നിലവിലെ വോട്ടർപട്ടിക സ്ഥിരപ്പെടുത്തിയ ശേഷം അടുത്ത വർഷം വോട്ടർ പട്ടികയിൽ ഇടം ലഭിക്കുന്ന 17 വയസ്സുള്ളവരുടെ പട്ടിക തയ്യാറാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയുടെ വിഷൻ 24 നേതൃയോഗത്തിൽ ഇതിനായി തയ്യാറെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർപട്ടികയിൽ ഒരേ വീട്ടിലെ വോട്ടർമാരുടെ സീരിയൽ നമ്പറുകൾ തെറ്റാണെങ്കിൽ ആദ്യം തിരുത്തും.
ഇതിനൊപ്പം ബൂത്ത് തലത്തിൽ പുതിയ വോട്ടർമാരുടെ എണ്ണവും ശേഖരിക്കും. ഈ വർഷം 18 വയസ്സ് തികഞ്ഞവരുടെ വോട്ടുകൾ ഈ വർഷം തന്നെ ചേർക്കും. ഇതിനൊപ്പം അടുത്ത വർഷത്തേക്കുള്ള പട്ടികയും തയ്യാറാക്കും. അടുത്ത ജനുവരിയോടെ തന്നെ ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ബൂത്ത് കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനുള്ള ഒരു കാരണം അവിടത്തെ വോട്ടർപട്ടിക പുതുക്കുന്നതിൽ നടത്തിയ പ്രവർത്തനമാണ്. അതേ രീതിയിൽ, പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങളും നടത്തണം. ബൂത്ത് കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും ശക്തിപ്പെടുത്തണം. ഓരോ സ്ഥലത്തെയും മത, സാമുദായിക നേതാക്കളെ മുൻകൂട്ടി കാണുകയും ചങ്ങാതിമാരാക്കുകയും വേണം. തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നല്ല ബന്ധം സ്ഥാപിക്കണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.