ബഫർ സോൺ: കേരളത്തിന്റെ പുനഃപരിശോധന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും
ബഫർസോൺ വിഷയത്തിൽ കേരളം സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്നതായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെയാണ് കേരളം പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് കേരളത്തിന്റെ പുനഃപരിശോധന ഹർജി അവതരിപ്പിച്ചത്.
ഇതിനെ തുടർന്ന് ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു .
സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ, ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് കേരളം പുനഃപരിശോധന ഹർജി സമർപ്പിച്ചത്. പരിസ്ഥിതി ബഞ്ച് രൂപീകരിച്ചിട്ടില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ഹർജികൾ പരിഗണിക്കുന്നത് നീണ്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ് പരിസ്ഥിതി ബഞ്ച് അധ്യക്ഷനായ ജസ്റ്റിസ് ബി ആർ ഗവായിയുടെ മുന്നിൽ, കേരളത്തിനുവേണ്ടി അഭിഭാഷകനായ ജയദീപ് ഗുപ്ത ഈ വിഷയം പരാമർശിച്ചത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുപ്രീംകോടതി ഹർജി നാളെ പരിഗണിക്കാം എന്ന് അറിയിച്ചു. പുനഃപരിശോധന ഹർജി ഓപ്പൺ കോർട്ടിൽ തന്നെ കേൾക്കണം എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.