യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി രഞ്ജി പണിക്കർ
യുഎഇ: നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ രഞ്ജി പണിക്കർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയ അദ്ദേഹം സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിച്ചു. നേരത്തെ മലയാളത്തിലടക്കം നിരവധി സിനിമാതാരങ്ങൾക്ക് ഇ.സി.എച്ച് വഴി ഗോൾഡൻ വിസ ലഭിച്ചിരുന്നു. ലോക കേരള സഭാംഗങ്ങളായ വി.ടി.സലിം, അനുര മത്തായി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷത്തെ കാലാവധിയുള്ള ഈ വിസകൾ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കും. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ യു.എ.ഇ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗോൾഡൻ വിസയുടെ ആനുകൂല്യം കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം.