അന്ധതയ്ക്ക് മുന്നിൽ തോൽക്കാൻ വിസമ്മതിച്ച പെൺകുട്ടി; തണലേകുന്നത് നിരവധി പേർക്ക്
ഇന്ന് ലോക കാഴ്ച ദിനം. അശ്വിനി അഗാഡി എന്ന യുവതിയുടെ ജീവിതകഥ നാം അറിയേണ്ട ദിവസവും ഇന്നാണ്. തന്റെ സ്വപ്നങ്ങൾ നേടാൻ കാഴ്ച വൈകല്യം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കർണാടക സ്വദേശിയായ അശ്വിനി. അശ്വിനി ആരംഭിച്ച ട്രസ്റ്റ് ഇപ്പോൾ നൂറിലധികം കുട്ടികൾക്കും നിരവധി സ്ത്രീകൾക്കും തണൽ നൽകുന്നു. മലാല പുരസ്കാരം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അശ്വിനി നേടിയിട്ടുണ്ട്.
ബെല്ലാരിയിലെ ചെല്ലഗുർക്കി ഗ്രാമത്തിൽ അന്ധയായി ജനിച്ച അശ്വിനിയുടെ സഹപാഠികൾ പഠിച്ചു മുന്നോട്ട് പോകുമ്പോൾ അശ്വിനിയുടെ മാതാപിതാക്കൾക്ക് അവളുടെ സ്കൂൾ പ്രവേശനത്തിനായി യാചിക്കേണ്ടി വന്നു. ബെംഗളൂരുവിലേക്ക് താമസം മാറ്റിയ ശേഷമാണ് വിദ്യാഭ്യാസം തന്നെ സാധ്യമായത്.
കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ട് അശ്വിനിക്ക്. രണ്ടാം റാങ്കോടെ പാസായെങ്കിലും കാഴ്ചവൈകല്യമുള്ളതിനാൽ ഇന്റർവ്യൂ ബോർഡുകൾക്ക് മുന്നിൽ അയോഗ്യയായി. തനിക്കുണ്ടായ അനുഭവം ആവർത്തിക്കരുതെന്ന അശ്വിനിയുടെ വാശിയാണ് സ്വന്തം സ്കൂൾ എന്ന ആശയത്തിലേക്ക് അവളെ എത്തിച്ചത്.