ലോക സർവകലാശാല റാങ്കിങ്ങ് : ഐഐഎസ്‌സി ബാംഗ്ലൂർ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്

ബാംഗ്ലൂർ: ടൈംസ് ഹയർ എജ്യുക്കേഷന്റെ 2023 ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള സർവകലാശാലകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ(ഐഐഎസ്‌സി) ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ 251-300 വിഭാഗത്തിലാണ് ഐഐഎസ്‌സി.

തുടർച്ചയായ ഏഴാം വർഷവും ഓക്സ്ഫോർഡ് സർവകലാശാല ആഗോളതലത്തിൽ പട്ടികയിൽ ഒന്നാമതെത്തി. 104 രാജ്യങ്ങളിൽ നിന്നായി 1,799 സർവകലാശാലകളാണ് മത്സരരംഗത്തുള്ളത്.

ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ്, മൈസൂരു ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവയാണ് ഇന്ത്യയിൽ നിന്നും രണ്ടാം സ്ഥാനത്ത്. കാരൈക്കുടി അളഗപ്പ സർവകലാശാലയും കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമാണ് മൂന്നാം സ്ഥാനത്ത്. ഈ നാല് സർവകലാശാലകളും ആഗോളതലത്തിൽ ആദ്യ 500 റാങ്കുകളിലാണ്. അധ്യാപനം, ഗവേഷണം, വിജ്ഞാന വിതരണം, അന്താരാഷ്ട്ര നിലവാരം എന്നീ മേഖലകളിലെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണ്ണയിച്ചത്.