‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി: പുസ്തകത്തിൽ ശിവശങ്കറുമൊത്തുള്ള ചിത്രങ്ങൾ

തൃശ്സൂര്‍: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം പുറത്തിറക്കി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യത്തോടെയാണ് പുസ്തകം വിപണിയിലെത്തിയിരിക്കുന്നത്. 250 രൂപ വിലയുള്ള ഈ പുസ്തകം ആമസോണിലും ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ പുസ്തകത്തിലുള്ളത്. 2016ൽ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരിക്കെ ശിവശങ്കറിനെ കണ്ടതായി സ്വപ്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

ആദ്യകാല സൗഹൃദം ഒരു വർഷത്തിനുള്ളിൽ ഒരു അടുത്ത ബന്ധമായി മാറി. 2016ൽ ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി മറന്നുപോയ ബാഗ് ദുബായിലേക്ക് കടത്തിയെന്നും അതിൽ കറൻസിയായിരുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. ബാഗ് മുഖ്യമന്ത്രി മറന്നു പോയെന്നും എന്നാൽ അത് അബദ്ധവശാൽ മറന്നുപോയതാണോ അതോ മനപ്പൂർവ്വം മറന്നുപോയതാണോ എന്ന് സംശയമുണ്ടെന്നും പുസ്തകത്തിൽ പറഞ്ഞു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലെ ഏഴാം അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.